നിറന്നപീലികള്‍ നിരക്കവേ കുത്തി
നെറുകയില്‍ക്കൂട്ടിത്തിറമൊടുകെട്ടീ
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിരതൻമേല്‍
നനുനനെപ്പൊടിഞ്ഞൊരുപൊടിപറ്റി
തിലകവുമൊട്ടു വിയര്‍പ്പിനാല്‍ നന-
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗളഭംഗിയും
അടിയാരെക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും
മടുമൊഴിമാരിൽ വളർന്നരാഗവും
കലഹം കൊണ്ടൊരത്ഭുതരസങ്ങളും
ചപലന്മാരൊടു കലര്‍ന്ന ഹാസവും
എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും
പലതുമിങ്ങിനെ നവനവരസ-
മിടയിടക്കൂടിക്കലര്‍ന്ന നേത്രവും
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിള്‍ത്തടങ്ങളും മുഖസരോജവും
വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞനാസിക
സുമന്ദഹാസവും അധരശോഭയും
തുളസിയും നല്ല സരസിജങ്ങളു-
മിളതായീടിന തളിരുകളുമാ-
യിടകലര്‍ന്നുടനിളകും മാലകള്‍
തടയും മുത്തുമാലകളും കൌസ്തുഭ-
മണിയും ചേരുന്ന ഗളവും ചമ്മട്ടി
പിടിച്ചൊരു കരതലവും കുങ്കുമം
മുഴുക്കെപ്പൂശിന തിരുമറുമാറും
നിറഞ്ഞ മഞ്ഞപ്പൂന്തുകിലും കാഞ്ചികള്‍
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിക്കും പോലെയ-
മ്മണിരഥം തന്നിലകം കുളിര്‍ക്കവേ
മണിവര്‍ണ്ണന്‍ തന്നെ തെളിഞ്ഞു കണ്ടു
ഞാന്‍.
No comments:
Post a Comment