Tuesday, 22 May 2018

അഞ്ജനശ്രീധരാ ചാരുമൂർത്തേ


അഞ്ജനശ്രീധരാ ചാരുമൂർത്തേ - കൃഷ്ണ
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ

ആനന്ദാലങ്കാര വാസുദേവാ - കൃഷ്ണാ
ആതങ്കമെല്ലാമകറ്റീടേണേ

ഇന്ദിരാനാഥാ ജഗന്നിവാസാ - കൃഷ്ണാ
ഇന്നെന്റെ മുമ്പിൽ വിളങ്ങിടേണേ

ഈരേഴുലകിനുമേകനാഥാ - കൃഷ്ണാ
ഈരഞ്ചുദിക്കും നിറഞ്ഞ രൂപാ

ഉണ്ണിഗോപാലാ കമലനേത്രാ - കൃഷ്ണാ
ഉള്ളത്തിൽ വന്നു വിളങ്ങീടേണേ

ഊഴിയിൽ വന്നു പിറന്ന നാഥാ - കൃഷ്ണാ
ഊനം കൂടാതെന്നെ പാലിക്കണേ

എന്നുള്ളിലുള്ളൊരു താപമെല്ലാം - കൃഷ്ണാ
എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കണേ

ഏടലർ ബാണനു തുല്യമൂർത്തേ - കൃഷ്ണാ
ഏറിയ മോദേന കൈതൊഴുന്നേൻ

ഐഹികമായ സുഖത്തിലഹോ - കൃഷ്ണാ
അയ്യോ എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകമന്തരംഗേ - കൃഷ്ണാ
ഓമൽ തിരുമേനി ഭംഗി കാണാൻ

ഓടക്കുഴൽവിളി മേളത്തോടെ - കൃഷ്ണാ
ഓടിവരികെന്റെ ഗോപബാലാ

ഔദാര്യകോമളാ കേളിശീലാ - കൃഷ്ണാ
ഔപമ്യമില്ല ഗുണങ്ങൾക്കേതും

അംബുജ ലോചന നിൻ പാദപങ്കജം
അമ്പോടു ഞാനിതാ കുമ്പിടുന്നേൻ

അത്യന്തസുന്ദരാ നന്ദസൂനോ - കൃഷ്ണാ
അത്തൽ കളഞ്ഞെന്നെപ്പാലിക്കണേ

കൃഷ്ണാ മുകിൽവർണ്ണാ വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേക്ഷണാ കൈതൊഴുന്നേൻ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

കണ്ണന്റെ പുണ്യനാമവർണ്ണങ്ങള്‍

കണ്ണന്റെ പുണ്യനാമവർണ്ണങ്ങള്‍
കർണ്ണത്തിലെന്നു കേള്‍ക്കും ഞാൻ?

കർണ്ണത്തില്‍ കേട്ടു കോള്‍മയിർ കൊണ്ടു
കണ്ണീരിലെന്നു മുങ്ങും ഞാൻ?

കണ്ണീരിൽ മുങ്ങി ശുദ്ധനായ് നാമം
തന്നെത്താനെന്നു പാടും ഞാൻ?

തന്നെത്താൻ പാടി മോദത്താൽ മണ്ണും
വിണ്ണുമെന്നു മറക്കും ഞാൻ?

മണ്ണും വിണ്ണും മറന്നു ഭക്തിസം
പൂർണ്ണനായെന്നു തുള്ളും ഞാൻ?

തുള്ളിക്കളിച്ചെന്‍ സംസാരക്കള-
ക്കള്ളികളെന്നു മായ്ക്കും ഞാന്‍?

അക്കളം മായ്ക്കും കേളിതുള്ളലി-
ലട്ടഹാസമെന്നാര്‍ക്കും ഞാന്‍?

അട്ടഹാസത്താല്‍ ശുദ്ധി ദിക്കുക-
ളെട്ടിനുമെന്നു നല്‍കും ഞാന്‍?

ആട്ടവും കഴിഞ്ഞമ്മതന്‍ മടി-
ത്തട്ടിലേയ്ക്കെന്നു വീഴും ഞാന്‍?

വീണുമമ്മതന്‍ ശീതളാങ്കത്തില്‍
സാനന്ദമെന്നുറങ്ങും ഞാന്‍?

ഉറങ്ങുമ്പോളുള്ളിൽ കായാമ്പൂവർണ്ണം
കണ്ടുകൊണ്ടെന്നുണരും ഞാൻ?

ഉണരുമ്പോള്‍ മുമ്പിൽ കരിമുകിൽവർണ്ണൻ
തിരുമേനിയെന്നു കാണും ഞാൻ?

ദുഖമൊടുക്കുന്ന തമ്പുരാനേ (dukhameāṭukkunna tampurānē)


ദുഖമൊടുക്കുന്ന തമ്പുരാനേ – കൃഷ്ണ
തൃക്കഴൽ ഞാനിതാ കുമ്പിടുന്നേന്‍.

ദുഖമെടുത്തതിതെനെന്തേ മൂലം – കൃഷ്ണ
ദുഖമെടുത്തതു കർമ്മമൂലം.

കർമ്മമെടുത്തതിതെനെന്തേ മൂലം – കൃഷ്ണ
കർമ്മമെടുത്തതു രാഗമൂലം.

രാഗമെടുത്തതിതെനെന്തേ മൂലം – കൃഷ്ണ
രാഗമെടുത്തതു മാനമൂലം.

മാനമെടുത്തതിതെനെന്തേ മൂലം – കൃഷ്ണ
തന്നെ നിനയായ്ക മാനമൂലം.

തന്നെ നിനയായ് വാനെന്തേ മൂലം – കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം.

അജ്ഞാനം പോവതിനെന്തേ മൂലം – കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനം കൊണ്ടേ.

ജ്ഞാനമുണ്ടാവതിനെന്തേ മൂലം – കൃഷ്ണ
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ടേ.

ഭക്തിയുണ്ടാവതിനെന്തേ മൂലം – കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ.

സക്തിപോയീടുവാനെന്തേ മൂലം – കൃഷ്ണ
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ടേ.

ചിത്തശുദ്ധിക്കു ഞാനെന്തു ചെയ് വൂ – കൃഷ്ണ
നല്ല വഴിയ്ക്കുള്ള ശ്രദ്ധ ചെയ്യൂ.

ശ്രദ്ധയുണ്ടാവതിനെന്തു ചെയ് വൂ – കൃഷ്ണ
പുണ്യകഥകളെകേട്ടുകൊള്‍വൂ.

സത്കഥ കേള്‍പ്പതിനെന്തു ചെയ് വൂ – കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊള്‍വൂ

സജ്ജനസംഗതിക്കെന്തു ചെയ് വൂ – കൃഷ്ണ
വായുപുരേശനെസ്സേവ ചെയ്യൂ.

വായുഗൃഹാധിപ വാസുദേവ കൃഷ്ണ
ബാലഗോപാലക പാലയ മാം.

കൃഷ്ണ ഹരേ ജയ  കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ  കൃഷ്ണ ഹരേ

dukhameāṭukkunna tampurānē – kr̥ṣṇa

tr̥kkaḻal ñānitā kumpiṭunnēn.

dukhameṭuttatitenentē mūlaṁ – kr̥ṣṇa
dukhameṭuttatu karm'mamūlaṁ.

karm'mameṭuttatitenentē mūlaṁ – kr̥ṣṇa
karm'mameṭuttatu rāgamūlaṁ.

rāgameṭuttatitenentē mūlaṁ – kr̥ṣṇa
rāgameṭuttatu mānamūlaṁ.

mānameṭuttatitenentē mūlaṁ – kr̥ṣṇa
tanne ninayāyka mānamūlaṁ.

tanne ninayāy vānentē mūlaṁ – kr̥ṣṇa
ajñānamāmavivēkaṁ mūlaṁ.

ajñānaṁ pēāvatinentē mūlaṁ – kr̥ṣṇa
ajñānaṁ pēāvatu jñānaṁ keāṇṭē.

jñānamuṇṭāvatinentē mūlaṁ – kr̥ṣṇa
jñānamuṇṭāvatu bhaktikeāṇṭē.

bhaktiyuṇṭāvatinentē mūlaṁ – kr̥ṣṇa
bhaktiyuṇṭāvū viraktikeāṇṭē.

saktipēāyīṭuvānentē mūlaṁ – kr̥ṣṇa
cittattil nalleāru śud'dhikeāṇṭē.

cittaśud'dhikku ñānentu cey vū – kr̥ṣṇa
nalla vaḻiykkuḷḷa śrad'dha ceyyū.

śrad'dhayuṇṭāvatinentu cey vū – kr̥ṣṇa
puṇyakathakaḷekēṭṭukeāḷvū.

satkatha kēḷppatinentu cey vū – kr̥ṣṇa
sajjanasaṅgati ceytukeāḷvū

sajjanasaṅgatikkentu cey vū – kr̥ṣṇa 
vāyupurēśanes'sēva ceyyū.

vāyugr̥hādhipa vāsudēva kr̥ṣṇa
bālagēāpālaka pālaya māṁ.

kr̥ṣṇa harē jaya  kr̥ṣṇa harē jaya
kr̥ṣṇa harē jaya  kr̥ṣṇa harē

പീലിയോടൊത്ത കാർകൂന്തലും കെട്ടി


പീലിയോടൊത്ത കാർകൂന്തലും കെട്ടി
ഫാലദേശേ തിലകമതും തൊട്ടു
ബാലചന്ദ്രസമാനമുഖപ്രഭ – കാണാകേണം

ആരണിമലർ പാലയ്ക്കമോതിരം
ബാലകർക്കിണങ്ങുന്ന പുലിനഖം
ചേലോടായവ ചാർത്തീട്ടു കാണണം – ഭഗവാനേ

നീലക്കാർമുകിൽവർണ്ണ ! ജനാർദ്ദന
ബാലഗോവിന്ദ ! വാസുദേവ ! കൃഷ്ണ
മാലകറ്റണേ മാധവ ! ഗോവിന്ദ – വാസുദേവ

കയ്യിൽ നല്ല മുരളി ചെറുകോലും
മെയ്യഴകാർന്ന പീതാംബരപ്പട്ടും
കെട്ടി നന്നായുടുത്തുടൻ കാണണം – വാസുദേവ

ഭക്തനായ കുചേലന്നു വേണ്ടവ-
യൊക്കെയും ഭവാനല്ലോ കൊടുത്തതും
മുക്തി നൽകണേ മാധവ ഗോവിന്ദ! – വാസുദേവ

Monday, 21 May 2018

നിറന്നപീലികള്‍ നിരക്കവേ കുത്തി



നിറന്നപീലികള്‍ നിരക്കവേ കുത്തി
നെറുകയില്‍ക്കൂട്ടിത്തിറമൊടുകെട്ടീ
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിരതൻമേല്‍
നനുനനെപ്പൊടിഞ്ഞൊരുപൊടിപറ്റി
തിലകവുമൊട്ടു വിയര്‍പ്പിനാല്‍ നന-
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗളഭംഗിയും
അടിയാരെക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും
മടുമൊഴിമാരിൽ വളർന്നരാഗവും
കലഹം കൊണ്ടൊരത്ഭുതരസങ്ങളും
ചപലന്മാരൊടു കലര്‍ന്ന ഹാസവും
എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും
പലതുമിങ്ങിനെ നവനവരസ-
മിടയിടക്കൂടിക്കലര്‍ന്ന നേത്രവും
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിള്‍ത്തടങ്ങളും മുഖസരോജവും
വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞനാസിക
സുമന്ദഹാസവും അധരശോഭയും
തുളസിയും നല്ല സരസിജങ്ങളു-
മിളതായീടിന തളിരുകളുമാ-
യിടകലര്‍ന്നുടനിളകും മാലകള്‍
തടയും മുത്തുമാലകളും കൌസ്തുഭ-
മണിയും ചേരുന്ന ഗളവും ചമ്മട്ടി
പിടിച്ചൊരു കരതലവും കുങ്കുമം
മുഴുക്കെപ്പൂശിന തിരുമറുമാറും
നിറഞ്ഞ മഞ്ഞപ്പൂന്തുകിലും കാഞ്ചികള്‍
പദസരോരുഹയുഗവുമെന്നുടെ
ഹൃദയംതന്നിലങ്ങിരിക്കും പോലെയ-
മ്മണിരഥം തന്നിലകം കുളിര്‍ക്കവേ
മണിവര്‍ണ്ണന്‍ തന്നെ തെളിഞ്ഞു കണ്ടു ഞാന്‍.