കണ്ണന്റെ
പുണ്യനാമവർണ്ണങ്ങള്‍
കർണ്ണത്തിലെന്നു
കേള്‍ക്കും ഞാൻ?
കർണ്ണത്തില്‍
കേട്ടു കോള്‍മയിർ കൊണ്ടു
കണ്ണീരിലെന്നു
മുങ്ങും ഞാൻ?
കണ്ണീരിൽ
മുങ്ങി ശുദ്ധനായ് നാമം
തന്നെത്താനെന്നു
പാടും ഞാൻ?
തന്നെത്താൻ
പാടി മോദത്താൽ മണ്ണും
വിണ്ണുമെന്നു
മറക്കും ഞാൻ?
മണ്ണും വിണ്ണും
മറന്നു ഭക്തിസം
പൂർണ്ണനായെന്നു
തുള്ളും ഞാൻ?
തുള്ളിക്കളിച്ചെന്‍
സംസാരക്കള-
ക്കള്ളികളെന്നു
മായ്ക്കും ഞാന്‍?
അക്കളം
മായ്ക്കും കേളിതുള്ളലി-
ലട്ടഹാസമെന്നാര്‍ക്കും
ഞാന്‍?
അട്ടഹാസത്താല്‍
ശുദ്ധി ദിക്കുക-
ളെട്ടിനുമെന്നു
നല്‍കും ഞാന്‍?
ആട്ടവും
കഴിഞ്ഞമ്മതന്‍ മടി-
ത്തട്ടിലേയ്ക്കെന്നു
വീഴും ഞാന്‍?
വീണുമമ്മതന്‍
ശീതളാങ്കത്തില്‍
സാനന്ദമെന്നുറങ്ങും
ഞാന്‍?
ഉറങ്ങുമ്പോളുള്ളിൽ
കായാമ്പൂവർണ്ണം
കണ്ടുകൊണ്ടെന്നുണരും
ഞാൻ?
ഉണരുമ്പോള്‍
മുമ്പിൽ കരിമുകിൽവർണ്ണൻ
തിരുമേനിയെന്നു കാണും ഞാൻ?
No comments:
Post a Comment