Tuesday, 22 May 2018

അഞ്ജനശ്രീധരാ ചാരുമൂർത്തേ


അഞ്ജനശ്രീധരാ ചാരുമൂർത്തേ - കൃഷ്ണ
അഞ്ജലികൂപ്പി വണങ്ങിടുന്നേൻ

ആനന്ദാലങ്കാര വാസുദേവാ - കൃഷ്ണാ
ആതങ്കമെല്ലാമകറ്റീടേണേ

ഇന്ദിരാനാഥാ ജഗന്നിവാസാ - കൃഷ്ണാ
ഇന്നെന്റെ മുമ്പിൽ വിളങ്ങിടേണേ

ഈരേഴുലകിനുമേകനാഥാ - കൃഷ്ണാ
ഈരഞ്ചുദിക്കും നിറഞ്ഞ രൂപാ

ഉണ്ണിഗോപാലാ കമലനേത്രാ - കൃഷ്ണാ
ഉള്ളത്തിൽ വന്നു വിളങ്ങീടേണേ

ഊഴിയിൽ വന്നു പിറന്ന നാഥാ - കൃഷ്ണാ
ഊനം കൂടാതെന്നെ പാലിക്കണേ

എന്നുള്ളിലുള്ളൊരു താപമെല്ലാം - കൃഷ്ണാ
എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കണേ

ഏടലർ ബാണനു തുല്യമൂർത്തേ - കൃഷ്ണാ
ഏറിയ മോദേന കൈതൊഴുന്നേൻ

ഐഹികമായ സുഖത്തിലഹോ - കൃഷ്ണാ
അയ്യോ എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകമന്തരംഗേ - കൃഷ്ണാ
ഓമൽ തിരുമേനി ഭംഗി കാണാൻ

ഓടക്കുഴൽവിളി മേളത്തോടെ - കൃഷ്ണാ
ഓടിവരികെന്റെ ഗോപബാലാ

ഔദാര്യകോമളാ കേളിശീലാ - കൃഷ്ണാ
ഔപമ്യമില്ല ഗുണങ്ങൾക്കേതും

അംബുജ ലോചന നിൻ പാദപങ്കജം
അമ്പോടു ഞാനിതാ കുമ്പിടുന്നേൻ

അത്യന്തസുന്ദരാ നന്ദസൂനോ - കൃഷ്ണാ
അത്തൽ കളഞ്ഞെന്നെപ്പാലിക്കണേ

കൃഷ്ണാ മുകിൽവർണ്ണാ വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേക്ഷണാ കൈതൊഴുന്നേൻ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

No comments:

Post a Comment